പേരൂര്‍ക്കട: അമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ചശേഷം ആത്മഹത്യക്കുശ്രമിച്ച മകനെ കന്റോണ്‍മെന്റ് പോലീസ് അറസ്റ്റുചെയ്തു. കണ്ണമ്മൂല വിവേകാനന്ദ നഗര്‍ ഇടയഭവനില് ജോണി (60) യാണ് അറസ്റ്റിലായത്. 17നു വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം.
ജോണിയുടെ മാതാവ് സെല്‍വി (82)യാണ് ആക്രമിക്കപ്പെട്ടത്. സംഭവദിവസം സെല്‍വിയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട ജോണി ഇവരെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. പ്രകോപിതനായ പ്രതി കത്തിയുമായി അടുത്തപ്പോള്‍ സെല്‍വി മുറിക്കുള്ളില്‍ കതകടച്ച് ഇരിക്കുകയായിരുന്നു. ജോണി കതക് തള്ളിത്തുറക്കുകയും കത്തികൊണ്ട് സെല്‍വിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു.
ഒഴിഞ്ഞുമാറിയതിനാല്‍ കത്തി കൈയുടെ ഭാഗത്താണ് തറച്ചത്. സംഭവത്തിനുശേഷം ജോണി ശരീരത്തില്‍ സ്വയം പരിക്കേല്‍പ്പിച്ച് ആത്മഹത്യക്കു ശ്രമിച്ചിരുന്നു. സെല്‍വി തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
കഴുത്തിനും കൈകള്‍ക്കും സാരമായി പരിക്കേറ്റ ജോണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെല്‍വിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്ത പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ജോണിക്കെതിരേ കൂടുതൽ കേസുകൾ നിലവിലുണ്ട്.